Called for SPC

 സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സ്‌കൂളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു


സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും പൊലീസ് വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു

നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ വെബ്സൈറ്റില്‍ (studentpolicecadet.org) നിന്നും ഡൗണ്‍ലോഡ് ചെയ്ത് സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍/ പ്രധാനാദ്ധ്യാപിക കൃത്യമായി പൂരിപ്പിച്ച് അപേക്ഷകള്‍ ജൂണ്‍ 30ന് രാത്രി 12 മണിക്കകം spcprogramme.pol@kerala.gov.in എന്ന ഇമെയില്‍ മുഖാന്തിരം എസ് പി സി ഡയറക്ടറേറ്റിലും ഒരു പകര്‍പ്പ് അതതു പോലീസ് സ്റ്റേഷനിലും ഒരു പകര്‍പ്പ് എസ്.പി.സി പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസിലും നേരിട്ടോ ഇ മെയില്‍ മുഖാന്തിരമോ ലഭ്യമാക്കേണ്ടതാണ്. അപേക്ഷ ഫോറത്തിന്റെ കൂടെയുള്ള അനുബന്ധം I & II എന്നിവ നിര്‍ബന്ധമായും പൂരിപ്പിച്ച് അപേക്ഷയുടെ കൂടെ അയക്കേണ്ടതാണ്. പോലീസ് സ്റ്റേഷനുകളുടെ ഇ-മെയില്‍ ഐഡി www.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. എസ്പിസി ജില്ലാ നോഡല്‍ ഓഫീസുകളുടെ ഇമെയില്‍ ഐഡികള്‍ www.studentpolicecadet.org ല്‍ ലഭ്യമാണ്. വൈകിയതും അപൂര്‍ണ്ണവുമായ അപേക്ഷകള്‍ പരിഗണിക്കില്ല.

എസ്പിസി പദ്ധതി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഹൈസ്‌കൂള്‍ വിഭാഗത്തിനോ, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനോ കുറഞ്ഞത് 500 വിദ്യാര്‍ത്ഥികളെങ്കിലും ഉണ്ടായിരിക്കണം. അധ്യാപക-രക്ഷാകര്‍തൃ സമിതി സജീവമായി പ്രവര്‍ത്തിക്കുകയും, ശിശു സൗഹാര്‍ദ്ദപരമായ മനോഭാവവും സന്നദ്ധതയും ഉള്ള രണ്ട് അധ്യാപകരെ സ്‌കൂളില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നതിനായി നിയോഗിക്കേണ്ടതും, ടി അദ്ധ്യാപകര്‍ കഴിവതും 50 വയസ്സില്‍ താഴെയുള്ളവരും, ശാരീരികക്ഷമതയുള്ളവരും ആക്ടീവായിട്ടുള്ളവരും ആയിരിക്കണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്ള സ്‌കൂളുകളുടെ കാര്യത്തില്‍ (കോ-എഡ് സ്‌കൂളുകള്‍), പ്രോഗ്രാം നയിക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരില്‍ ഒരാള്‍ ഒരു വനിതയായിരിക്കണം. കായികക്ഷമത പരിശീലനത്തിനുള്ള ഗ്രൗണ്ട്, എസ്പിസി ഓഫീസ് സജ്ജീകരിക്കുന്നതിനുള്ള മുറി, കേഡറ്റുകള്‍ക്ക് എസ്പിസി യൂണിഫോം, പി റ്റി ഡ്രസ്സ് എന്നിവ മാറ്റാനുള്ള സൗകര്യം, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം.

അതത് എസ് എച്ച് ഓ മാരും ജില്ലാ നോഡല്‍ ഓഫീസര്‍മാരും അപേക്ഷകള്‍ പരിശോധിച്ച് അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന വസ്തുതകള്‍ ശരിയാണോ എന്ന് നേരിട്ട് അന്വേഷിക്കുന്നതാണ്. അന്വേഷണത്തില്‍ അപേക്ഷകന്‍ പ്രതിപാദിച്ചിരിക്കുന്ന വസ്തുതകള്‍ തെറ്റാണെന്ന് ബോധ്യപ്പെടുന്ന പക്ഷം പ്രസ്തുത സ്‌കൂളിനെ എസ് പി സി പദ്ധതിയില്‍ നിന്നും എന്നന്നേയ്ക്കുമായി ഒഴിവാക്കുന്നതായിരിക്കും.

എസ്പിസി പദ്ധതി അനുവദിക്കുന്നതിനായി ഇതുവരെ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഒഴിവാക്കിയതിനാല്‍, പ്രസ്തുത സ്‌കൂളുകള്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷാ ഫോം പൂരിപ്പിക്കുന്നതുമായും എസ്പിസി പദ്ധതിയുമായും ബന്ധപ്പെട്ട സംശയ നിവാരണത്തിനായി തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ, എസ്പിസി ഡയറക്ടറേറ്റിലെ ഫോണ്‍നമ്പറായ 0471-2452655 ലോ വിളിക്കാവുന്നതാണ്.

No comments: